Thursday, June 23, 2011

മലയാളിയുടെ സ്വന്തം ഉറുമി....

നീണ്ട ആറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് സന്തോഷ്‌ ശിവന്‍ ഉറുമി എന്ന ചിത്രവുമായി നമ്മുടെ മുന്നില്‍ എത്തിയത്.സന്തോഷ്‌ ശിവന്‍റെ അവസാന പടം മലയാളി ഒത്തിരി ഇഷ്ടപ്പെട്ട അനന്തഭദ്രം ആയിരുന്നു. പഴശ്ശിരാജക്ക് ശേഷം കേരള ചരിത്രം വീണ്ടും വിഷയം ആകുന്ന ഒരു സിനിമ കൂടി എന്ന് പറയുന്നതിനേക്കാള്‍ നല്ലത് മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ചരിത്ര സിനിമ എന്ന് പറയുന്നതാകും.. മലയാളം ഇന്നുവരെ  കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ നായകനായ പ്രിത്വിരാജും സംവിധായകന്‍ സംഗീത്‌ ശിവനും  പങ്കാളി ആണ് എന്നത് ഒരു പ്രത്യേകതയും കൂടി ആണ്.ഷാജി നടേശന്‍ ആണ് നിര്‍മ്മാണത്തിലെ മൂന്നാമത്തെ പങ്കാളി. ആഗസ്റ്റ്‌ സിനിമ എന്ന ബാനറില്‍ ആണ് ഇവര്‍ ഉറുമി ഒരുക്കിയിരിക്കുന്നത്. മികവില്‍ മലയാളത്തിലെ ഒന്നാം നിരയില്‍ ഒന്നാമത്തെ സ്ഥാനം ആണ് ഉരുമിക്ക് നല്‍കാന്‍ കഴിയുക.പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് വൈസ്രോയിയെ വധിക്കാന്‍ ശ്രമിക്കുന്ന ചിറക്കല്‍ കേളുനായര്‍ എന്ന വീര പുരുഷന്‍ ആയാണ് പ്രിത്വീരാജ് അഭിനയിക്കുന്നത്.ഒപ്പം കൂട്ടുകാരന്റെ വേഷത്തില്‍ തമിഴ്‌ നടന്‍ പ്രഭുദേവയും പ്രധാനപ്പെട്ട ഒരു വേഷം അഭിനയിക്കുന്നു.പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം ആണ് വാസ്കോ ഡി ഗാമ ആദ്യം കേരളത്തില്‍ വരുന്നത്. പിന്നീട് രണ്ടു തവണ കൂടി വന്നു. 1502,1524 എന്നീ വര്‍ഷങ്ങളില്‍ ആണ് മാനുവല്‍ രാജാവിന്‍റെ ഉത്തരവ് അനുസരിച്ച് കച്ചവട കരാര്‍ ഉറപ്പിക്കാന്‍ ഗാമ വീണ്ടും കേരളത്തില്‍ വരുന്നത്. 1502 ലെ വരവില്‍ മക്കയില്‍ പോയ മേരി എന്ന കപ്പല്‍ ഗാമയും കൂട്ടരും ആക്രമിക്കുകയും അതിലുണ്ടായിരുന്നവരെ ഒന്നടങ്കം ചുട്ടെരിക്കുകയും ചെയ്തു.സ്ത്രീകളും കുട്ടികളും അടക്കം ഒത്തിരിപ്പേര്‍ അന്ന് കൊല്ലപ്പെട്ടു. ഇത് ചരിത്രം.ചരിത്രത്തിലെ ഈ ഒരു സംഭവം ആണ് ഉറുമി എന്ന സിനിമയുടെ കഥ. ശങ്കര്‍ രാമകൃഷ്ണന്‍ എന്ന കഥാകൃത്ത് ചരിത്രത്തിലെ ഭാഗങ്ങളും സ്വന്തം ഭാവനയും കൂടി ചേര്‍ത്തപ്പോള്‍ ഉറുമിയുടെ കഥ ആയി. മേരി എന്ന കപ്പലില്‍ ഉണ്ടായിരുന്നവരുടെ ആഭരണങ്ങള്‍ ഉരുക്കി ഉണ്ടാക്കിയ പൊന്നില്‍ തീര്‍ത്ത ഉറുമി ആണ് ഗാമയെ വധിക്കാന്‍ തുനിഞ്ഞിറങ്ങിയ കേളുനായരുടെ പ്രധാന ആയുധം.അന്ന് തിരിച്ചു പോയ ഗാമ പിന്നീട് 1524ല്‍ തിരികെ വരുന്നത് വരെ കാത്തിരുന്നു പോരാടുന്നതാണ് ഉറുമി.ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ നിന്നും പതിനാറാം നൂറ്റാണ്ടിന്റെ കഥ പറയുന്ന ശൈലി എല്ലാവരും അംഗീകരിക്കുന്നു.ശങ്കര്‍ രാമകൃഷ്ണന്റെ രചനയെ മഹത്തരം എന്നാണു പറയേണ്ടത്.ഗൂഗിള്‍ മാപ്പ് കാണിച്ചു കെ.പി.എ.സി.ലളിതയുടെ വാക്കുകളിലൂടെ കഥ പറഞ്ഞു തുടങ്ങിയത് തന്നെ ഒരു പുതിയ അനുഭവം ആയെന്നു പറയാം. ഒരു കല്ല്‌ കടി എന്ന് പറയാവുന്നത് മലയാളത്തിലെ എല്ലാ ചരിത്ര സിനിമകള്‍ക്കും ഉള്ള ഒരു പോരായ്മ തന്നെയാണ്. സംസാര ഭാഷ എന്നത് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ എല്ലാം സംസാരിക്കുന്നത് അച്ചടി ഭാഷയാണ്‌. പഴയ കാല ഭാഷ സംസാരിക്കുന്നത് അപൂര്‍വ്വം ആളുകള്‍ മാത്രം.സാഹിത്യ ഭാഷയില്‍ ഉള്ള ഡയലോഗുകള്‍ മിക്കവയും അരോചകം ആണെന്ന് പറയാതെ വയ്യ.തിരക്കഥയും സാങ്കേതിക മേന്മകളും ഒക്കെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയ സന്തോഷ്‌ ശിവന്‍ തന്നെയാണ് ഈ പടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കൊണ്ട് പോകുന്നത്. 
സന്തോഷ്‌ ശിവന്‍റെ തന്നെ ക്യാമറ അടിപൊളി എന്ന് ഒറ്റവാക്കില്‍ പറയാം.


 മലയാളത്തെ സംബന്ധിച്ചാല്‍ ഒരു വ്യത്യസ്ത അനുഭവം തന്നെ ആണ് ഇതിന്റെ ചായാഗ്രഹണം. ശെരിക്കും പറഞ്ഞാല്‍ കണ്ണിനു ഒരു ഉത്സവം തന്നെയാണ് ഇതിലെ ഓരോ രംഗവും.

 ദീപക്‌ ദേവ് ഒരുക്കിയ ബാക് ഗ്രൌണ്ട് മ്യൂസിക്‌ എടുത്തു പറയത്തക്ക മേന്മകള്‍ ഉള്ളതാണ്. സാങ്കേതിക വിഭാഗം മൊത്തത്തില്‍ മികച്ചു നില്‍ക്കുന്ന ഈ ചിത്രം സന്തോഷ്‌ ശിവന്റെ നെറ്റിയില്‍ ഒരു പൊന്‍ തൂവല്‍ ചാര്‍ത്തുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. എടുത്തു പറയാനുള്ള ഒരു പോരായ്മ കാണുന്ന സ്ഥലത്തെല്ലാം സ്ലോ മോഷന്‍ കാണിക്കുന്നത് ആണ്. മാത്രമല്ല പല രംഗങ്ങളും വീണ്ടും കാണിക്കുന്നതും അലോസരം ഉണ്ടാക്കുന്നു. ഒരു യുദ്ധ രംഗം തന്നെ സ്ലോ മോഷന്‍ കാനിച്ചതിലൂടെ ഭംഗി നഷ്ടപ്പെടുത്തി എന്ന് പറയാം.
ചിത്രത്തിലെ ഗാനങ്ങള്‍ ഒന്നും തന്നെ ചിത്രത്തിന് അത്യാവശ്യം ആയിരുന്നില്ല എന്ന് മാത്രമല്ല പലതും അനാവശ്യം ആയിരുന്നു എന്ന് കൂടി പറയേണ്ടി വരുന്നു. ഒരു പക്ഷെ ഈ ഗാനങ്ങള്‍ ഒഴിവാക്കിയെന്കില്‍ മൂന്നു മണിക്കൂര്‍ എന്നുള്ളത് കുറച്ചു കൂടി കുരയില്ലായിരുന്നോ.?
കതിരെല്ലാം കെട്ടണ് കെട്ടണ് എന്നാ ഗാനം ആണ് ചിത്രവും ആയി അല്പം എങ്കിലും ഒത്തു പോകുന്നത് എന്ന് പറയാം. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ ഈ ഗാനം ജോബി കുര്യനും റീത്തയും പാടിയിരിക്കുന്നു. കൈതപ്രം എഴുതിയ മഞ്ജരി പാടിയ ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന ... എന്ന ഗാനം മികച്ച ഗാനം ആണ്.കൈതപ്രം എഴുതി യേശുദാസും ശ്വേതയും ആലപിച്ച ആരോ നീ ആരോ ... എന്ന ഗാനവും ആളുകള്‍ വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്. ദീപക്‌ ദേവിന്റെ സംഗീതം അടിപൊളി എന്ന് ഒറ്റവാക്കില്‍ പറഞ്ഞു നിര്‍ത്താം.

 പ്രിത്വീരാജിനു ഒത്തിരി ചെയ്യാനുള്ള ഒരു വേഷം കിട്ടിയിട്ടും ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന വേഷം ആയിപ്പോയി ചിറക്കല്‍ കേളുനായര്‍ ..അദ്ധേഹത്തിന്റെ പഴയ ചിത്രങ്ങളിലെ ഒരു വേഷം പോലെയേ ഇതും ആയുള്ളൂ. ഒരു വ്യത്യസ്തത കൊടുക്കാന്‍ പ്രിത്വി ശ്രമിച്ചതായും തോന്നുന്നില്ല. അത് കൊണ്ട് മോശം ആയി എന്നര്‍ത്ഥം ഇല്ല. തന്റെ ഭാഗം പ്രിത്വി നന്നാക്കുക തന്നെ ചെയ്തു. പക്ഷെ കുറച്ചു കൂടി വ്യത്യസ്തതയോടെ കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ പ്രിത്വിരാജിന്റെ കരിയറിലെ ഒരു പ്രത്യേക ഏട് ആയി ഉറുമി മാറുമായിരുന്നു. അഭിനയത്തില്‍ മികച്ചു നില്‍ക്കുന്നത് ജഗതി തന്നെയാണ്.
അറക്കല്‍ ആയിഷയെ അവതരിപ്പിച്ച ജനീലിയ ഡിസൂസ തന്നെയാണ് ചിത്രത്തില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച വച്ചത്. ബാലയെ അവതരിപ്പിച്ച നിത്യാമെനോനും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഭാനു വിക്രമനായ അങ്കുര്‍ശര്‍മ്മയും കൊള്ളാം. റോബിന്‍ പ്രാറ്റ്‌ അവതരിപ്പിച്ച വാസ്കോ ഡാ ഗാമ, അലക്സ്‌ ഓണില്‍ അവതരിപ്പിച്ച എസ്ടലോ ഗാമയും ശരാശരിക്കു മുകളില്‍ എത്തി.
കേള് നായരുടെ അച്ഛനായി വരുന്ന ആര്യ പിന്നീട് കഥ പറയാന്‍ എത്തുന്നതും കൊള്ളാം രണ്ടു വേഷവും ആര്യയും ഭംഗി ആക്കി. കഥാ പാത്രങ്ങള്‍ പലതും ഭൂതകാലവും വര്‍ത്തമാന കാലവും തമ്മില്‍ വേര്‍തിരിക്കുന്ന ഭാഗത്ത്‌ അറിയാതെ മാറിപ്പോയെക്കം. പക്ഷെ അവിടെയും സംവിധായകന്റെ കഴിവ് കൊണ്ട് പാളിച്ച ഒന്നും ഇല്ലാതെ രക്ഷപ്പെട്ടു.
 നമ്മുടെ നാട് നാനൂറു വര്ഷം അനുഭവിച്ച യാതനനകള്‍ മനസ്സിലാക്കാന്‍ ഒന്ന് രണ്ടു സീനുകള്‍ കൊണ്ട് കഴിയുന്നു എന്നത് ഈ സിനിമയുടെ പ്രത്യേകതയാണ്. മറ്റു പല ചരിത്ര സിനിമകള്‍ക്കും ഇല്ലാതിരുന്നത് അതാണ്‌. പഴശ്ശിരാജ കാണുമ്പോള്‍ നമുക്ക് ഒട്ടും ഫീലിംഗ്സ് വരുന്നില്ലെയെന്കില്‍ ഉരുമിയുടെ ചില സീനുകള്‍ നമ്മുടെ എവിടെയൊക്കെയോ എത്തിക്കുന്നു. ലോകം മഹാനായ കപ്പിത്താനായി വാഴ്ത്തിയ ഗാമയുടെ യഥാര്‍ത്ഥ മുഖം ലോകത്തിനു തന്നെ കാണിച്ചു കൊടുക്കാനുള്ള മലയാളിയുടെ എളിയ ശ്രമത്തില്‍ നമുക്കും പങ്കു ചേരാം. ചിത്രം തിയേറ്ററില്‍ നിന്നും കണ്ടിട്ടില്ലാത്തവര്‍  തിയേറ്ററില്‍ തന്നെ പോയി കാണണം..എന്നാല്‍ മാത്രമേ ഉറുമി പോലുള്ള സിനിമകള്‍ നമുക്ക് ഇനിയും ലഭിക്കൂ...
മലയാളിക്ക് വേണ്ടി ഈ സിനിമ അണിയിച്ചൊരുക്കിയ പ്രിത്വീരാജിനും സന്തോഷ്‌ ശിവനും ബാക്കി എല്ലാവര്ക്കും ഈ കൊച്ചു മലയാളിയുടെ ആശംസകള്‍.....