Showing posts with label POLITICS. Show all posts
Showing posts with label POLITICS. Show all posts

Tuesday, May 3, 2011

ആഗോള നിരോധനം....

 അങ്ങനെ എന്‍ഡോസള്‍ഫാനും ലോകമാകെ നിരോധിച്ചു.നിരോധനം എന്ന് പറഞ്ഞാല്‍ ഉപാധികളോടെ ഉള്ള നിരോധനം. പത്തു വര്ഷം കഴിഞ്ഞാലേ പൂര്‍ണ്ണമായും നിരോധിക്കാന്‍ കഴിയൂ.കുറെ വര്‍ഷങ്ങള്‍ ആയി കാസര്‍ഗോഡ്‌  ഒരു പഞ്ചായത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഒരു സുപ്രഭാതത്തില്‍ ഒരു വലിയ കൂട്ടായ്മ ആയി രൂപം പ്രാപിക്കുന്നു. അതിപ്പോള്‍ കാസര്‍ഗോഡും കടന്നു കേരളവും ഇന്ത്യയും കടന്നു ലോകം ആകെ ഉറ്റു നോക്കിയ ഒരു സംഭവം ആക്കി.
ഇതില്‍ വളരെ രസകരമായ ഒരു സംഭവം ആണ് വെള്ളിയാഴ്ചത്തെ ഹര്‍ത്താല്‍...
എന്തിനും ഏതിനും ചാടി ഹര്‍ത്താല്‍ നടത്തുന്ന ഇടതു പക്ഷം ഇതിനും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു..
എന്തിനു വേണ്ടി എന്ന് അറിയുമ്പോള്‍ അല്ലെ ചിരി വരുന്നത്.
കേരളത്തില്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്‍ വീണ്ടും നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് വെള്ളിയാഴ്ച ഹര്‍ത്താല്‍.
ഉമ്മന്‍ ചാണ്ടി പത്ര സമ്മേളനം നടത്തുന്നത് വരെ ഇടതു പക്ഷം ഒന്നും ജനങ്ങളോട് പറഞ്ഞില്ല എന്‍ഡോ സള്‍ഫാന്‍ കേരളത്തില്‍ നിരോധിചിട്ടുന്ടെന്നു. എ.കെ.ആന്‍റണി മുന്‍കൈ എടുത്തു ആണ് കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് കേരളത്തില്‍ എന്‍ഡോ സള്‍ഫാന്‍ വില്‍ക്കുന്നതും, ഉപയോഗിക്കുന്നതും.ഉല്‍പാദിപ്പിക്കുന്നതും നിരോധിച്ചത്.
അച്ചുതാനന്ദന്‍ കസേരയില്‍ എത്തിയപ്പോഴേക്കും നിയമം നടപ്പിലായിരുന്നു. എന്നിട്ട് നാളിതു വരെ കേരളത്തില്‍ എവിടെയെങ്കിലും ഈ നിരോധിത വസ്തു ഉപയോഗിക്കുന്നതായോ വില്‍ക്കുന്നതായോ മറ്റോ സര്‍ക്കാര്‍ പറയുന്നില്ല. പിന്നെ എന്തിനാ ഈ സമരം. അതായത് കേരളത്തില്‍ നിലവില്‍ ഇല്ലാത്ത ഒരു സാധനം നിരോധിക്കണം എന്ന് പറഞ്ഞു ഉള്ള സമരം എന്തിനാ. അതും നിലവില്‍ നിരോധിച്ച ഒരു സാധനം വീണ്ടും നിരോധിക്കണം എന്നുള്ളത് എന്തിനാ?
അതിനെക്കുറിച്ച് ചാനല്‍ ആയ ചാനല്‍ എല്ലാം റിപ്പോര്‍ട്ട് കൊടുത്തു. അതായത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിരോധിച്ച എന്‍ഡോ സള്‍ഫാന്‍ കേരളത്തിലെ എല്ലാ കടകളിലും വാങ്ങാന്‍ കിട്ടും. ഇപ്പോഴും കേരളത്തിലെ എല്ലാ കൃഷി സ്ഥലങ്ങളിലും ഇത് ഉപയോഗിക്കുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒരു പരിശോധനയും ഇല്ലാതെ കേരളത്തിലെ ചെക്ക്‌ പോസ്റ്റുകളിലൂടെ എന്‍ഡോസള്‍ഫാന്‍ കടന്നു വരുന്നു.
അപ്പോള്‍ അത് ആരുടെ കുഴപ്പം. ഭരിക്കുന്നവനു കാര്യക്ഷമം ആയി ഭരണ യന്ത്രം ഉപയോഗിക്കാന്‍ അറിയാതതുകൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത്?
അപ്പോള്‍ അച്ചുതാനന്ദന്‍ സ്വന്തം പരാജയം മറച്ചു വച്ച് കൊണ്ടല്ലേ ഈ സമരത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്.
അതെ. നമ്മള്‍ ഈ കപട മുഖം തിരിച്ചറിയണം.സ്വന്തം കഴിവ് കേടിനെ ഒളിപ്പിക്കാന്‍ നിരാഹാരം കിടക്കുക, പിന്നെ ഒരു ഹര്‍ത്താല്‍ നടത്തുക ....
ആഗോള നിരോധനം വന്ന ഉടനെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി വിജയം ആസ്വദിച്ചു.
ഒരു കാര്യം ആ മുഖ്യനോട്‌ ചോദിക്കാതെ തരമില്ല.
ഈ ആഗോള നിരോധനം കൊണ്ട് കേരളത്തിന്‌ എന്തെങ്കിലും നേട്ടം ഉണ്ടോ? ആഗോള നിരോധനം കേരളത്തില്‍ നടപ്പില്‍ വരുത്തുമോ?
ആഗോള നിരോധനം ആണോ കേരളത്തിന്‌ നല്ലത് അതോ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കേരളത്തില്‍ നിരോധിച്ചതാണോ കേരളത്തിന്‌ നല്ലത്.
ഇതിനു ഉത്തരം പറയാന്‍ എല്ലാവരും ഇത്തിരി ബുദ്ധിമുട്ടും.
കാരണം ആഗോള നിരോധനം അനുസരിച്ച് ചില ഇനം കൃഷികള്‍ക്കു ഈ കീടനാശിനി ഉപയോഗിക്കാം. പത്തു വര്ഷം വരെ. അതായത് അതിന്റെ മറവില്‍ വേറെ കൃഷിക്കും ഇത് ഉപയോഗിക്കപ്പെടും എന്നല്ലേ..
പക്ഷെ കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് നടപ്പിലാക്കിയ നിരോധനം അനുസരിച്ച് ഈ സാധനം കേരളത്തില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണു.
അപ്പോള്‍ സ്വീകരിക്കേണ്ടത് എന്താണ്.
ഒരു നിരാഹാരവും ഹര്‍ത്താലും നടത്തി നമ്മള്‍ നേടിയത് ലാഭമോ അതോ നഷ്ടമോ?
കേരളത്തില്‍ നിരോധനം നിലവില്‍ ഇരിക്കെ ഇത് ഇവിടെ സുലഭം ആയി ഉപയോഗിച്ചവര്‍ ഇനി ഉപയോഗിക്കാതിരിക്കുമോ?
ഇതിനെതിരെ സമരം നടത്തിയവുടെ കപട മുഖം കൂടി നമ്മള്‍ അറിയണം.
കാസര്‍ഗോഡ്‌ ദുരന്തം കാരണം എന്താണ്.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഹെലികോപ്ടരില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത് കൊണ്ടാണ് അവിടെ ദുരന്തം ഉണ്ടായത്.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ആരുടെതാണ്.
പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ ആണ് ഈ കോര്‍പറേഷന്‍.
അപ്പോള്‍ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും കോര്പരെഷനും സര്‍ക്കാരിനും ആണ്.
ഇങ്ങനെ ഒരു നടപടി സ്വീകരിച്ച അതിലെ ഒരു ഉദ്യോഗസ്ഥനെതിരെയും സര്‍ക്കാര്‍ നടപടി എടുത്തില്ല. ദുരന്തത്തിന് ഇരയായവര്‍ക്ക് ഇവര്‍ ഒരു സഹായവും നല്‍കിയതും ഇല്ല. അവര്‍ക്കെതിരെ ആരും സമരം നടത്തിയതും ഇല്ല. കാരണം അവിടെ ഇടതു പക്ഷ യൂണിയന്‍ ആണ്.
മാത്രമല്ല കേന്ദ്രം നിരോധിച്ചിട്ടും ഇവര്‍ വ്യാപകമായി ഈ കീടനാശിനി ഇപ്പോഴും ഉപയോഗിക്കുന്നു.
ഇപ്പോള്‍ നടത്തിയ ഹര്‍ത്താലില്‍ ഈ കോര്പരെഷനിലെ ഒരു ജീവനക്കാരനും പങ്കെടുത്തില്ല എന്നത് കൂടി വായിക്കുമ്പോള്‍ ഇടതു പക്ഷത്തിന്റെ ഇരട്ടതാപ് നമുക്ക് മനസ്സിലാകും.
പന്ത്രണ്ടു വര്‍ഷമായി ഇതിനെതിരെ സമരത്തില്‍ ആണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒരു കാര്യം മറന്നോ?
അവിടെ ദുരന്തത്തിന് ഇരയായ അറുനൂറു കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം ആയി അമ്പതിനായിരം രൂപ കൊടുക്കും എന്ന് പറഞ്ഞിട്ട് നാളിത്ര ആയിട്ടും ആകെ നൂറ്റി എഴുപതു പേര്‍ക്ക് മാത്രമേ കൊടുത്തുള്ളൂ. ബാക്കി ഉള്ളവര്‍ മരിച്ചു കഴിഞ്ഞാല്‍ എങ്കിലും കിട്ടും ആയിരിക്കും അല്ലെ?
മുഖ്യ മന്ത്രിയുടെ നിരാഹാരദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ വേറെ ഒരനീതി കൂടി നടന്നു.
എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ടു ആഴ്ചകളായി ഒരു കൂട്ടം ആളുകള്‍ അവിടെ നിരാഹാരം കിടക്കുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ആണ് .
ഈ പൊരിഞ്ഞ വെയിലത്ത്‌ ദിവസങ്ങള്‍ ആയി അവര്‍ അവിടെ സമരം ചെയ്യുന്നു. പന്തല്‍ കെട്ടാന്‍ പോലീസ്‌ അനുവദിച്ചില്ല. സെക്രട്ടറിയേറ്റിന്റെ മുന്നില്‍ പന്തല്‍ കെട്ടാന്‍ നിയമം ഇല്ല എന്നായിരുന്നു അന്ന് പറഞ്ഞത്.
പക്ഷെ കേരള മുഖ്യ മന്ത്രി നിരാഹാരം കിടക്കാന്‍ വന്നപ്പോള്‍ ഈ നിയമം മാറ്റി എഴുതിയിട്ടാണ് വന്നത് എന്ന് തോന്നുന്നു.
അവിടെ പന്തലും ഇട്ടു. കട്ടിലും വച്ച് . മൈക്കും വച്ചു . ഫാനും വച്ചു .
എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു. അപ്പോള്‍ മുഖ്യമന്ത്രിക്ക് നിയമം വേറെ. സാധാരണക്കാര്‍ക്ക് നിയമം വേറെ അല്ലെ?
പ്രസംഗം കഴിഞ്ഞ ഉടനെ കിടന്നു പോയ മുഖ്യ മന്ത്രി തലേ ദിവസമേ നിരാഹാരം തുടങ്ങി എന്ന് നമുക്ക് പറയാം.
എ സി ഒക്കെ വച്ചു നിരാഹാരം നടത്തിയ കരുണാനിധിയെ കളിയാക്കിയ കേരള യുവത ഈ ചെയ്തികളെ എവിടെയും കളിയാക്കി കണ്ടതും ഇല്ല.
എന്ത് വിരോധാഭാസം അല്ലെ?
പെട്ടെന്ന് തന്നെ ഈ സമരത്തിന്റെ മുന്നില്‍ ഇയാള ചാടി വീണതിന്റെ പിന്നിലുള്ള കാര്യങ്ങള്‍ ഒക്കെ നാട്ടുകാരെക്കാലും പാര്‍ട്ടിക്കാര്‍ക്ക് അറിയാമായിരിക്കും അല്ലെ?

Sunday, April 10, 2011

കേരളം തുലച്ച ഇരുപതിനായിരം കോടിയുടെ പദ്ധതികള്‍.......


ഇനി ഒരു അഞ്ചു വര്ഷം കൂടി കിട്ടിയാല്‍ തേനും പാലും ഒക്കെ ഒഴുക്കാംഎന്നും  വന്‍ വ്യവസായങ്ങള്‍ കേരളത്തില്‍ വരുത്താം എന്നും പറയുന്ന നമ്മുടെ മുഖ്യ മന്ത്രിയും ഇടതു പക്ഷവും അവരുടെ വികസന വിരോധം കൊണ്ട് നമുക്ക് നഷ്ടപ്പെടുത്തിയത് ഇരുപതിനായിരം കോടിയുടെ പദ്ധതികള്‍ ആണ്. ആ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ലഭിക്കുമായിരുന്ന മൂന്നു ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരം  കൂടി ആണ് നമുക്ക് നഷ്ടമായത് എന്നോര്‍ക്കുമ്പോള്‍ ആണ് ഇവര്‍ ചെയ്ത പാതകത്തിന്റെ വലിപ്പം മനസ്സിലാകുന്നത്.

               സ്വകാര്യ മൂലധനതോട് വാക്കുകളില്‍ വളരെ ഉദാരത കാട്ടിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ ആയിരുന്നു പടിയിറങ്ങി പോകാന്‍ നില്‍കുന്നത്.കേരളം കണ്ട മികച്ച വ്യവസായ മന്ത്രിയെന്നും ധനകാര്യമാന്ത്രിയെന്നും ഒക്കെ ഇടതു പക്ഷം ഉയര്‍ത്തിക്കാട്ടുന്നവര്‍ അടങ്ങുന്ന മന്ത്രിസഭ അധികാരത്തില്‍ കേറിയ ആദ്യ വര്ഷം പ്രഖ്യാപിച്ചു കേരളത്തില്‍ ചുര്ങ്ങിയത് ഇരുപതിനായിരം കോടിയുടെ സ്വകാര്യ നിക്ഷേപം കൊണ്ടുവരുമെന്ന്. വാക്കുകളില്‍ ഒതുങ്ങിയില്ല. ആദ്യത്തെ മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ ഇരുപതിനായിരത്തില്‍ പരം കോടിയുടെ സ്വകാര്യ പദ്ധതികള്‍ പ്രക്യാപിക്കപ്പെട്ടു. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികള്‍....
പിന്നെ വയസായികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകളും മറ്റും നടന്നു. പ്രാഥമിക അനുമതികളും നല്‍കി. ഇപ്പോള്‍ അഞ്ചു വര്ഷം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ നമുക്ക് കാണാം സ്വപ്ന പദ്ധതികള്‍ ഒന്നും നടന്നില്ല. എല്ലാം സ്വപ്നങ്ങള്‍ ആയി തന്നെ ഇരിക്കുന്നു. സ്വപ്നങ്ങള്‍ ഇപ്പോഴും സ്വപ്നങ്ങള്‍ ആയിത്തന്നെ ഇരിക്കുന്നത് നല്ലതാണെന്ന് പണ്ടാരോ പറഞ്ഞോ?
                 അനിശ്ചിതം ആയി ഇരിക്കുന്ന ഈ സ്വപ്ന പദ്ധതികള്‍ ഏതൊക്കെ ഒന്ന് നോക്കാം നമുക്ക്. ആദ്യത്തെ പദ്ധതി മാത്രം ആയിരിക്കും മലയാളികള്‍ക്ക് സുപരിചിതം. അതെ നമ്മുടെ സ്മാര്‍ട്ട് സിറ്റി തന്നെ. (അവസാന സമയത്ത് സ്മാര്‍ട്ട് സിറ്റിയുടെ കരാര്‍ വീണ്ടും ഒപ്പിടെണ്ടി വന്നു എന്ന് മാത്രം.)  സൈബര്‍ സിറ്റി, ഹൈ ടെക് സിറ്റി, നോളെജ് സിറ്റി, കോഴിക്കോട് നോളെജ് പാര്‍ക്ക്‌, പത്തു പ്രത്യേക സാമ്പത്തിക മേഖലകള്‍ ...അതിലെ എഴാമത്തെയാണ് കൊച്ചിയിലെ സ്കൈ സിറ്റി. മൊത്തം മൂന്നു ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന പദ്ധതികള്‍ ആയിരുന്നു ഇതെല്ലാം കൂടി.
                 പദ്ധതികള്‍ മിക്കതും പല വിവാദങ്ങളില്‍ പെട്ടാണ് ഈ അവസ്ഥയില്‍ ആയത്.പരിസ്ഥിതി, അഴിമതി എന്നിവയുമായി ബന്ധപ്പെട്ടു ആണ് മിക്ക വിവാദങ്ങളും. സി പി എമ്മില്‍ മുഖ്യമന്ത്രി ഒരു ഭാഗത്തും ഔദ്യോഗിക ഗ്രൂപ്പിലെ മന്ത്രിമാര്‍ ഒരു ഭാഗത്തും നിന്നുണ്ടായ ഭിന്നതകള്‍, മുന്നണിയില്‍ സി പി ഐ, ആര്‍ എസ് പി എന്നീ കക്ഷികള്‍ പല പദ്ധതികളോടും കാണിച്ച എതിര്‍പ്പ് എന്നിവ ഒക്കെ ഈ ദുരവസ്ഥക്ക് കാരണമായി. ഇടതു മുന്നണിയുടെ ആഭ്യന്തരവും വ്യക്തി പരവും താത്വികവും ആയ വൈരുധ്യങ്ങള്‍ തന്നെയാണ് സര്‍ക്കാരിന്റെ ഈ പദ്ധതികള്‍ നടക്കാതിരിക്കാന്‍ കാരണം ആയത് .
പ്രോജെക്റ്റ്‌: സ്മാര്‍ട്ട് സിറ്റി

.
സ്ഥലം: ഐ ടി ടൌണ്‍ ഷിപ്പ്, കൊച്ചി.
നിക്ഷേപം: 1500 കോടി.
പ്രമോട്ടര്‍: ടീകോം,ദുബായ്‌.
പ്രാഥമിക അനുമതി: 2005
പാട്ടഭൂമിയിലെ കൈവശാവകാശത്തെ സംബന്ധിച്ച് സര്‍ക്കാരും ടീകോമുമായി ഉണ്ടായ തര്‍ക്കം പ്രമുഖ വ്യവസായി യൂസഫലിയുടെ മധ്യസ്തയില്‍ ഒത്തു തീര്‍പ്പാവാന്‍ അഞ്ചു വര്ഷം കഴിയേണ്ടി വന്നു എന്നത് തന്നെ സര്‍ക്കാരിന്റെ പിടിപ്പുകേട് ആണ്. അവസാനം ഒത്തു തീര്‍പ്പായി. പദ്ധതിക്ക്‌ തുടക്കം ഇടാന്‍ പ്രതിയ കരാറില്‍ ഒപ്പിട്ടു. ഇനി പുതിയ സര്‍ക്കാര്‍ വന്നിട്ട് വേണം എന്തെങ്കിലും ചെയ്യാന്‍.
പ്രോജെക്റ്റ്‌: ഹൈടെക് സിറ്റി, ഇന്ടഗ്രെറ്റഡ് ടൌണ്‍ഷിപ്പ്, കൊച്ചി.

പ്രൊമോട്ടര്‍: ശോഭാ ഡവലെപ്പെഴ്സ്, ബാന്ഗ്ലൂര്‍.
നിക്ഷേപം: 5000 കോടി.
ഐ ടി സ്ഥാപനങ്ങളും വാണിജ്യ പാര്‍പ്പിട സമുച്ചയങ്ങളും ഉദ്യാനങ്ങളും വിനോദ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആസൂത്രിതമായ ഒരു അത്യാധുനിക നഗരം ആയിരുന്നു പദ്ധതി.ശോഭാ ഗ്രൂപ്‌ വില കൊടുത്തു വാങ്ങിയ ഭൂമിയാണ്. പക്ഷെ പരിസ്ഥിതി പ്രശ്നം പറഞ്ഞു സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്‌ അനുമതി തടഞ്ഞു.അവിടെ ഉണ്ടായിരുന്ന കണ്ടല്‍ കാടുകള്‍ ആണ് പരിസ്ഥിതിക്ക് കാരണം പറഞ്ഞത്. കണ്ണൂരില്‍ പാര്‍ട്ടിക്ക് പാര്‍ക്ക്‌ ഉണ്ടാക്കാന്‍ കണ്ടല്‍ കാട് ഒരു പ്രശ്നം ആയില്ല എന്നുള്ളത് സമീപ കാല യാഥാര്‍ത്ഥ്യം. പദ്ധതി അവതാളത്തില്‍ ആക്കിയതില്‍ ഗൂഡാലോചന നടന്നു എന്ന് വ്യവസായ മന്ത്രി എളമരം കരീം തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശത്രുവായ ഫാരിസ്‌ അബൂബക്കര്‍ ആയിരുന്നു ഇവിടത്തെ ഭൂമി വില്പനയുടെ പിന്നില്‍. അത് തന്നെയാണ് പദ്ധതിയില്‍ വി എസ് പാര പണിഞ്ഞതും എന്നാണു നാട്ടുകാരുടെ വാദം.
പ്രോജെക്റ്റ്‌: സ്കൈ സിറ്റി.                                                                    സ്ഥലം കൊച്ചി.

നിക്ഷേപം: 500 കോടി.
പ്രമോട്ടര്‍ : യശോരാം ഗ്രൂപ്പ്, കൊച്ചി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ യശോരാം ഗ്രൂപ്പ് മുന്നോട്ട് വച്ച പദ്ധതി പരിഗണിക്കാന്‍ മുഖ്യമന്ത്രി വി എസ് അധ്യക്ഷനായ ഉന്നത തല സമിതി വ്യവസായ വകുപ്പിനോട്‌ ആവശ്യപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ എല്ലാ അനുമതിയും കിട്ടിക്കഴിഞ്ഞ ഈ പദ്ധതിയെ കുഴക്കിയത് ഒരു പാലം ആണ്.പ്രോജെക്റ്റ്‌ മാറ്റി കൊടുക്കാന്‍ കേന്ദ്ര തീര പരിപാലന നിയമ അതോറിറ്റി പറഞ്ഞപ്പോള്‍ യശോരാം ഗ്രൂപ്പ് കോടതിയില്‍ പോയി.പാലത്തിന്റെ ഭാഗം മാത്രം ഭേദഗതി വരുത്തി സമര്‍പ്പിക്കാന ആണ് കോടതി ഉത്തരവ് ആയത്.
ദേശീയ ഹൈവേ ബൈപാസില്‍ കുണ്ടന്നൂര്‍ മുതല്‍ സഹോദരന്‍ അയ്യപ്പന്‍ റോഡ്‌ വരെയും അവിടെ നിന്ന് സുഭാഷ്‌ ചന്ദ്രബോസ് റോഡ്‌ വരെയും കായലിന്റെയും നഗരത്തിന്റെയും മുകളിലൂടെ നാല് കിലോ മീറ്റര്‍ നീലുള്ള ഫ്ലൈ ഓവര്‍ ആണ് സ്കൈ സിറ്റി.ഈ ഫ്ലൈ ഓവറിന്റെ മധ്യത്തില്‍ പതിനെട്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു വ്യാപാര- പാര്‍പ്പിട സമുച്ചയം ആണ് അഞ്ഞൂറ് കോടിയുടെ ഈ പദ്ധതി. ഫ്ലൈ ഓവര്‍ പണി തീര്‍ന്നാല്‍ സര്ക്കാറിനു സൌജന്യമായി കൊടുക്കുമെന്നും ടോള്‍ പിരിക്കില്ലെന്നും ഒക്കെ കരാറില്‍ ഉണ്ട്.ഫ്ലൈ ഓവറിന്റെ മേല്‍നോട്ടവും മാലിന്യ സംസ്കരണവും യശോരാമിന് ആയിരിക്കും. ഒരിഞ്ചു ഭൂമി പോലും ഏറ്റെടുക്കേണ്ടി വരില്ല എന്ന കാര്യം കൊണ്ട് തന്നെ യാതൊരു പ്രശനവും ഉണ്ടാകില്ല എന്നതാണ് ഈ പദ്ധതിയുടെ നേട്ടം...ഫ്ലൈ ഓവറിലെ വാണിജ്യ പാര്‍പ്പിട സമുച്ചയത്തിലെ സ്ഥലം വിലക്കുന്നതാണ് യശോരാം കമ്പനിയുടെ ലാഭം.  എന്നാല്‍ പൊതു സ്വത്തായ കായലിന്റെ മുകളില്‍ പാലം  പണിഞ്ഞു അതില്‍ ഉയരുന്ന കെട്ടിടങ്ങള്‍ സ്വന്തം ആക്കാന്‍ സമ്മതിക്കില്ലെന്ന മുരട്ടു വാദം മുഖ്യ മന്ത്രിയില്‍ നിന്നുംഉണ്ടായപ്പോള്‍ പരിപാടി അവിടെ നിന്നു.
പക്ഷെ ആ കമ്പനി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഇരട്ടി മുതല്‍ മുടക്കുള്ള ഒരു വമ്പന്‍ ഗതാഗത സൌകര്യവും മറ്റു നഗര സൌകര്യങ്ങളും ഒക്കെ യാതൊരു മുതല്‍ മുടക്കും ഇല്ലാതെ കേരളത്തിന്‌ കിട്ടുന്ന കാര്യം വരട്ടു ചിന്താഗതിക്ക് മുന്‍പില്‍ മുട്ട് മടക്കി.ലോകത്ത് എവിടെയും ഇതുവരെയും വന്നിട്ടില്ലാത്ത ഈ പദ്ധതിക്ക് ഇപ്പോള്‍ യശോരാം പേറ്റന്റ് നു വേണ്ടി അപേക്ഷിചിരിക്കയാണ്.ഇനി വേറെ ഭരണം വരണം ഇത് നടപ്പിലാകാന്‍.
പ്രോജെക്റ്റ്‌: സൈബര്‍ സിറ്റി.
സ്ഥലം :ഐ ടി ടൌണ്‍ ഷിപ്പ് കൊച്ചി

നിക്ഷേപം: 4000 കോടി
പ്രമോട്ടര്‍ : ഹൌസില്‍ ആന്‍ഡ്‌ ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് .
അനുമതി കിട്ടിയത് 2007 ല്‍
എച്ച് എം ടിയുടെ കളമശേരിയില്‍ ഉള്ള ഭൂമി വാങ്ങി ബ്ലൂ സ്റാര്‍ റിയല്‍ എസ്റേറ്റ് എന്ന കമ്പനി തുടങ്ങാന്‍ ഉദ്ദേശിച്ച പദ്ധതി ആണ് ഇത്.
സംസ്ഥാന സര്‍ക്കാര്‍ വ്യവസായം തുടങ്ങാന്‍ എച്ച് എം ടിക്ക് നല്‍കിയ ഭൂമി വില്‍ക്കാന്‍ അവര്‍ക്ക് അവകാശം ഇല്ല എന്നാ വാദത്തില്‍ സി പി എം തന്നെ ആ പദ്ധതിയും തുടക്കത്തിലേ മുടക്കി.മന്ത്രി എളമരം കരീം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ ശിലാ സ്ഥാപന ചന്ദങ്ങില്‍ നിന്നും നമ്മുടെ മുഖ്യ മന്ത്രി വിട്ടു നിന്നു.
എച്ച് എം ടിയുടെ ഭൂമി വില്പന ഹൈ കോടതി ആണ്ഗീകരിച്ചു. പക്ഷെ അപ്പോഴേക്കും ആഗോള സാമ്പത്തിക മാന്ദ്യം നിക്ഷേപകരെ അകറ്റി.
ഫലം അതും തുലഞ്ഞു കിട്ടി.
പ്രോജെക്റ്റ്‌: നോളെജ് പാര്‍ക്ക്‌.
സ്ഥലം: ഐ ടി എന്‍ക്ലേവ്. കോഴിക്കോട്‌ .

നിക്ഷേപം: 4000 കോടി.
പ്രമോട്ടര്‍: ആദിത്യ ബിര്‍ള ഗ്രൂപ്പ് .
പ്രാഥമിക അനുമതി: 2007
ആദിത്യ ബിര്‍ള യെ അറിയാത്ത മലയാളി കാണും .
പക്ഷെ ആദിത്യ ബിര്‍ള യെ അറിയാത്ത കോഴിക്കോട് കാരന്‍ കാണില്ല.
കോഴിക്കോട്‌ മാവൂരിലെ ഗ്വാളിയോര്‍ രയോന്‍സ്‌ ഓര്‍മയില്ലേ?
അതെ സ്ഥലത്ത് തന്നെ അവര്‍ തന്നെ തുടങ്ങാന്‍ ഉദ്ദേശിച്ച പ്രോജെക്റ്റ്‌ ആണ് നോളെജ് പാര്‍ക്ക്‌ .
റയോണ്‍സിലെ തൊഴിലാളി നേതാവ് ആയിരുന്ന  മന്ത്രി ഇളമരം കരീം മുന്‍ കൈ എടുത്തു നടപ്പിലാക്കാന്‍ ശ്രമിച്ചു.
പക്ഷെ ഭൂമി വിലപനയെക്കുരിച്ചു വന്ന അഴിമതി ആരോപണങ്ങള്‍ ആ പദ്ധതിയും തുലച്ചു.
പ്രോജെക്റ്റ്‌: പ്രത്യേക സാമ്പത്തിക മേഖലകള്‍.

നിക്ഷേപം: 2500 കോടി.
അനുമതി: 2008
ഒരിഞ്ചു പോലും മുന്നോട്ട് പോകാതിരുന്ന ഒരു പദ്ധതിയാണ് ഇത്.ഇരുപത്തി ഒന്ന് സാമ്പത്തിക മേഖലകള്‍ ആണ് വ്യവസായ വകുപ്പ്  ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് അത് പത്തു ആയി കുറച്ചു.
പക്ഷെ മുഖ്യ മന്ത്രിയുടെ ഓഫീസില്‍ തന്നെ ഫയലുകള്‍ ഇരുന്നു. ഒന്നും നടന്നില്ല.സി പി ഐ, ആര്‍ എസ് പി കക്ഷികലുടെ എതിര്‍പ്പ് മൂലം ആണ് വി എസ് ഇതും മുക്കിയത്.കോയമ്പത്തൂരിലെ പാര്‍ട്ടി കൊണ്ഗ്രെസ്സില്‍ ഈ പദ്ധതി അന്ഗീകരിചെന്കിലും കേന്ദ്ര കമ്മിറ്റി തീരുമാനം നേരിട്ട് അറിയിചാലെ നടത്തൂ എന്ന് വി എസ് വാശി പിടിച്ചപ്പോള്‍ പദ്ധതി  നിലച്ചു.
പക്ഷെ 2008 ല്‍ മന്ത്രിസഭ പത്തു മേഖലകള്‍ക്ക്‌ അനുവാദം നല്‍കി.അപ്പോഴേക്കും ആഗോള മാന്ദ്യം എല്ലാം തകര്‍ത്തു.
പ്രോജെക്റ്റ്‌: സാറ്റലൈറ്റ്‌ സിറ്റി.
സ്ഥലം: കിനാലൂര്‍, കോഴിക്കോട്.

നിക്ഷേപം: 2500 കോടി.
പ്രമോട്ടര്‍: സി ഐ ഡി ബി . മലേഷ്യ
പ്രാഥമിക അനുമതി: 2007
മന്ത്രി എളമരം കരീം മുന്‍കൈ എടുത്തു കൊണ്ട് വന്ന പ്രോജെക്റ്റ്‌ . മലേഷ്യന്‍ കമ്പനി പൂട്ടി എന്ന് പറഞ്ഞു വി എസ് അതും മുടക്കി.
അതെ .ഇത്രയും അനുകൂല സാഹചര്യങ്ങള്‍ കണ്‍ മുന്നില്‍ വന്നിട്ടും ഒന്ന് പോലും നടപ്പിലാക്കാന്‍ ഉള്ള മനസ്സ് കാണിക്കാതിരുന്ന ഇവരോട് നമ്മള്‍ ക്ഷമിക്കണമോ ?
നൂറോളം എന്ജിനീയറിംഗ് കോളേജുകളില്‍ നിന്നും മറ്റു സ്ഥാപനങ്ങളിളി നിന്നും പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് യുവതീ യുവാക്കളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുഅകയല്ലേ ഇവര്‍ ചെയ്തത്.
സ്വന്തം നാട്ടില്‍ ജോലി ചെയ്തു സ്വന്തം കുടുംബത്തോടും നാട്ടുകാരോടും ഒപ്പം ജീവിക്കാമെന്ന ഇവരുടെ സ്വപ്നഗ്നങ്ങള്‍ക്ക് ചിതയോരുക്കിയ ഇവരോട് നമ്മള്‍ എനഗനെ പ്രതികരിക്കണം എന്ന് ഞാന്‍ പ്രത്യേകം പറയേണ്ട കാര്യം ഇല്ല എന്ന് കരുതുന്നു.

Saturday, March 19, 2011

SAKHAAVU PINARAAYI MATHSARIKKANDE?




ഒരു ഇന്ത്യന്‍ പൌരന്റെ എല്ലാ മൌലിക അവകാശങ്ങളും ഉള്ള ആള്‍ തന്നെയാണ് പിണറായി വിജയനും.
എന്ത് കൊണ്ട് അയാള്‍ മാത്രം മുഖ്യധാര അഥവാ  അധികാര രാഷ്ട്രീയത്തില്‍ നിന്നും അകറ്റി നിരതപ്പെടുന്നു.അയാള്‍ക്ക്‌ വേണ്ടി എന്ത് കൊണ്ട് ആരും മുദ്രാവാക്യം വിളികള്‍ ഉയര്‍ത്തുന്നില്ല.?
കാരണം ഒന്നേയുള്ളൂ ലാവലിന്‍ കേസില്‍ ഏഴാം പ്രതിയാണ് പിണറായി വിജയന്‍ ...
അധികാരത്തില്‍ ഇരുന്നപ്പോള്‍ എടുത്ത ഒരു നടപടി ആണ്  പിന്നീട് വിവാദം ആയ കേസിന് ആധാരം.
അധികാരത്തില്‍ നിന്നും ഒഴിഞ്ഞു ഏറെ നാള്‍ കഴിഞ്ഞു രജിസ്ടര്‍ ചെയ്യപ്പെട്ട കേസ്‌ 1998 ല ആണ് പിണറായി മന്ത്രി സ്ഥാനം ഒഴിയുന്നത്.
ഇപ്പോള്‍ പതിമൂന്നു വര്ഷം കഴിഞ്ഞു കേസ്‌ എവിടെയും എത്തിയില്ല.
പക്ഷെ പിണറായി വിജയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് പൊതുജനം മുന്‍കൂട്ടി അങ്ങ് തീരുമാനിക്കുന്നു.
മത്സരിക്കാന്‍ തീരുമാനിച്ചാല്‍ കേസിലെ പ്രതി മത്സരിക്കുന്നത് ധാര്‍മികത ആണോ എന്നാ ചോദ്യം നാം ഉയര്‍ത്തും.
ഈ ധാര്‍മികതയുടെ അടിസ്ഥാനം എന്താണ്?
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഈ ധാര്‍മികതയ്ക്ക് എന്തെങ്കിലും കാര്യം ഉണ്ടോ?
ഈ ധാര്‍മികത കൊണ്ടുള്ള ഗുണം ആര്‍ക്ക് ആണ്.
സി.പി.എമ്മിലെ വിഭാഗീയത ഒന്ന് കൊണ്ട് മാത്രമാണ് ധാര്‍മികത കേരള രാഷ്ട്രീയത്തിലെ ഒരു അളവ് കോല്‍ ആയി മാറിയത്‌.
അവരവര്‍ക്ക് ഗുനമുണ്ടാകുന്ന വിധത്തില്‍ ധാര്‍മികതയെ വളച്ചൊടിക്കുകയും ചെയ്തു ഒരു പറ്റം കപട ധാര്‍മിക വാദികള്‍ ..
ഈ ധാര്‍മികതയ്ക്ക് നമ്മുടെ ജന പ്രാതിനിധ്യ നിയമത്തില്‍ ഒരു സ്ഥാനവും ഇല്ല
കേസില്‍ പ്രതിയായാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ജന പ്രാതിനിധ്യ നിയമം പറയുന്നും ഇല്ല.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുത് എന്നാണു നമ്മുടെ നീതി സംഹിത പറയുന്നത്.ആരാണ് കുറ്റവാളി ?
കുറ്റം ചെയ്യുന്നയാള്‍ എന്ന് എളുപ്പത്തില്‍ പറയാം.
ഒരാള്‍ കുറ്റം ചെയ്തു എന്ന് എങ്ങനെ തെളിയിക്കാം?
ആരോപണം നേരിടുന്നവര്‍ കുറ്റവാളികള്‍ ആണോ?
ആണെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ കുറ്റവാളികള്‍ അല്ലാത്തവര്‍ ഉണ്ടാകില്ല.
ആരോപണ വിധേയരെ മാറ്റി നിര്‍ത്തിയാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുതിര്‍ന്നവരെ കിട്ടാത്ത അവസ്ഥ വരും.
ഒരാള്‍ക്കെതിരെ അന്യോഷണം നടത്താന്‍ തീരുമാനിച്ചാല്‍ അയാള്‍ കുറ്റവാളി ആകുമോ?
ആണെങ്കില്‍ ഒരുപാട് നേതാക്കന്മാര്‍ കുറ്റവാളികള്‍ ആണ്.
അന്യോഷണം നടത്തി പ്രതി എന്ന് കണ്ടെത്തിയാല്‍ ഒരാള്‍ കുറ്റവാളി ആകുമോ?
കൊലപാതക കേസില്‍ പോലും പ്രതിക്ക് ഒരുപാട് മൌലിക അവകാശങ്ങള്‍ ഉണ്ട്
സ്വന്തം ഭാഗം കോടതിയില്‍ വാദിക്കാം.
തെളിവുകള്‍ നിരത്താം.
അനുകൂലമായ സാക്ഷികളെ ഹാജരാക്കാം.
കീഴിക്കോടതി മുതല്‍ സുപ്രീം കോടതി വരെ നിയമ പോരാട്ടങ്ങള്‍ നടത്താം.
ഒടുവില്‍ കോടതി തീരുമാനം വരും.
അതിന്മേല്‍ മറ്റൊരു തീരുമാനമോ അപേക്ഷയോ പറ്റില്ല എന്ന അങ്ങേ അറ്റം.
അപ്പോള്‍ ആണ് കുറ്റവാളി എന്നാ വിശേഷണം അനുയോജ്യം ആകുന്നതു.
ഏതെന്കിലും ഒരു കോടതി ശിക്ഷ നല്‍കിയാല്‍ നമുക്ക് പറയാം ഒരാള്‍ കുറ്റവാളി എന്ന്.
പ്രതി എന്ന വാക്കിന്റെ ഇന്ഗ്ലിഷ് അക്ക്യൂസ്ദ്‌ എന്നാണു.
അതായത് കുറ്റാരോപിതന്‍ .കുറ്റാരോപിതന്‍ എന്നാല്‍ കുറ്റവാളി അല്ല.
കുറ്റം ആരോപിക്കപ്പെട്ട ആള്‍ എന്നാണു.ലാവലിന്‍ കേസിലെ ഏഴാം പ്രതിയായ പിണറായി കുറ്റാരോപിതന്‍ ആണ്.
ക്ട്ടവാളി ആണോ?
എല്ലാവരും ചോദിക്കുന്നത് വി എസ് മത്സരിക്കുമോ/
സീറ്റ്‌ കിട്ടുമോ?
മത്സരിചില്ലെന്കില്‍ എന്താകും പാര്‍ട്ടിയുടെ ഗതി എന്നൊക്കെയാണ്?
ഇങ്ങനെ ഒരു നേതാവിന് വേണ്ടി ഉയരുന്ന ചോധ്യങ്ങള്‍ക്കിടയില്‍ നമ്മള്‍ ഒരിടത് പോലും കേട്ടില്ല പിണറായി മത്സരിക്കുമോ എന്ന്?
ധാര്‍മികതയുടെ പേരില്‍ സി പി എം പിണറായി മാറ്റി നിര്‍ത്തുന്നത് ശരി എന്ന് വക്കാം.
പക്ഷെ ഒരു ചോദ്യം അവശേഷിക്കുന്നു.
എന്ത് കൊണ്ട് പിണറായി വിജയന്‍ മത്സരിക്കണം എന്ന് ആരും പരസ്യമായി ആവശ്യപ്പെടുന്നില്ല.
ആരെയാണ് ഭയപ്പെടുന്നത്?
ലാവലിന്‍ കേസില്‍ കുറ്റപത്രം വന്നതിനു ശേഷം പ്രകാശ്‌ കാരാട്ട് പറഞ്ഞു പിണറായി വിജയന്‍ ഒരു പഞ്ചായത്ത് അംഗം എങ്കിലും ആയിരുന്നെങ്കില്‍ രാജി വയ്ക്കുമായിരുന്നു എന്ന്.
ഇതിനെ നാം ധാരിമികത എന്ന് വിളിക്കുന്നു.
കാരാട്ട് പറഞ്ഞാല്‍ നാം അതിനെ ധാര്‍മികത എന്ന് വിളിച്ചു പിന്താങ്ങും.
അതിനാല്‍ അഞ്ചു വര്ഷം മുന്‍പ്‌ പിണറായി മത്സര രംഗത്ത് നിന്നും മാറി നിന്നു.
ഈ അഞ്ചു കൊല്ലത്തിനിടെ ലാവലിന്‍ കേസില്‍ വിചാരണ ഒന്നും നടന്നില്ല.
തുടര്‍ അന്യോഷണം നടക്കുന്നു.
ചിലപ്പോള്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടായേക്കാം.
അന്യോഷണം ഇപ്പോഴും തുടരുന്നു.
അഞ്ചു വര്ഷം കഴിഞ്ഞു നിയമ സഭാ തിരഞ്ഞെടുപ്പ് വരുമ്പോഴും എല്ലാവരും ചര്‍ച്ച ചെയ്യുന്നത് വി എസ്സിന്റെ സ്ഥാനാര്‍ഥിത്വം ആണ്.
എന്താ പിണറായി വിജയന്‍ മത്സരിക്കണ്ടേ?
ഒരിക്കലും തീരാത്ത കോടതി നടപടികള്‍ കൊണ്ട് കേസുകള്‍ എല്ലാം നീണ്ടു നീണ്ടു പോകുന്നു.
ഇത് മനുഷ്യാവകാശങ്ങളുടെ ലംഖനം കൂടിയല്ലേ?
പാമോലിന്‍ കേസില്‍ അഴിമതിയില്ല എന്ന് ഏതെന്കിലും കാലത്ത് തെളിഞ്ഞാല്‍ ആ വിധി കൊണ്ട് അന്തരിച്ചു പോയ കരുണാകരന് എന്ത് ഗുണം?
ഇനി ഒരു പത്തു കൊല്ലം കൂടി കഴിഞ്ഞു ലാവലിന്‍ കേസില്‍ വിചാരണ കഴിഞ്ഞു വിധി പ്രസ്താവിക്കുമ്പോള്‍ ഇടപാടില്‍ ക്രമക്കേടില്ല എന്ന് തെളിഞ്ഞാല്‍ പിണറായിക്ക്‌ നഷ്ടപ്പെട്ട ഇരുപതു കൊല്ലം ആര് തിരികെ നല്‍കും?
ലാവലിന്‍ വിധി വരും വരെ ധാര്‍മികതയുടെ പേര് പറഞ്ഞു സി പി എം പിണറായിയെ മാറ്റി നിര്‍ത്തുമോ?
ധാര്‍മികതയുടെ പരിധി  എത്ര വര്ഷം ആണ്?
കേരള രാഷ്ട്രീയത്തില്‍ നിരനായകമായ സ്ഥാനവും  സ്വാധീനവും ശക്തിയും ഉള്ളയാള്‍ തന്നെയാണ് പിണറായി വിജയനും.
പാര്‍ട്ടിയെ നയിക്കാന്‍ ശക്തിയുള്ള, ഭരണ രംഗത്ത് കഴിവ് തെളിയിച്ച
ഇദ്ദേഹത്തിന്റെ ഭരണ മികവും നേതൃപാടവവും കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഗുണകരം ആകാന്‍ ഉപയോഗിക്കെണ്ടാതല്ലേ?
ധാര്‍മികതയുടെ പേരില്‍ തിരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്തപ്പെടുമ്പോള്‍ ജനങ്ങള്‍ക്കുള്ള അവകാശം കൂടി അല്ലെ നിഷേധിക്കപ്പെടുന്നത്?
ഒരാളുടെ മൌലിക അവകാശതിനുമേല്‍ കടന്നു കയറാന്‍ ധാര്‍മികതയ്ക്ക് എന്തവകാശം ആണുള്ളത്?
ചോദ്യങ്ങള്‍ ഇങ്ങനെ ഒരുപാടുണ്ട് ...
നമുക്ക് ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍.....