Wednesday, April 27, 2011

ആഗസ്റ്റ്‌-15



പണ്ട് പണ്ട്. അതായത് ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് സിബി മലയില്‍ ആഗസ്റ്റ്‌ ഒന്ന് എന്ന പേരില്‍ ഒരു സിനിമ ഇറക്കിയിരുന്നു.തിരക്കഥ എസ് എന്‍ സ്വാമി ആയിരുന്നു. പെരുമാള്‍ എന്ന പോലീസുകാരനായി മമ്മൂട്ടി അടിച്ചു പൊളിച്ച സിനിമ ആയിരുന്നു അത്. കുടുംബ ചിത്രങ്ങള്‍ മാത്രം ചെയ്ത സിബി മലയില്‍ ആദ്യമായി ഒരു ആക്ഷന്‍ സിനിമ എടുതതതായിരുന്നു അത്. ആദ്യം സിനിമയുടെ പേര് ആഗസ്റ്റു പതിനഞ്ചു എന്നാക്കി. ആരുടെയോ പരാതി പ്രകാരം ആഗസ്റ്റ്‌ ഒന്ന് എന്ന് പേര് മാറ്റുകയായിരുന്നു അന്ന്.ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ആ സിനിമ പുനരവതരിക്കുമ്പോള്‍ സംവിധായകന്‍ മാത്രം മാറുന്നു. സിബി മലയിലിന് പകരം ആക്ഷന്‍ ചിത്രങ്ങളുടെ രാജാവ് ആയ ഷാജി കൈലാസ്‌ ആയി എന്ന മാറ്റം മാത്രം.
സുനിതാ പ്രൊഡക്ഷന്‍സിന്റെ എം മണിയുടെ അന്‍പത്തി ഒന്‍പതാം ചിത്രമാണ് ആഗസ്റ്റ്‌ ഒന്ന്. മമ്മൂട്ടിയും അദ്ധേഹത്തിന്റെ ആരാധകരും വെറുക്കുന്ന രണ്ടു ചിത്രങ്ങള്‍ അടുത്ത കാലത്ത് ഇറങ്ങിയിരുന്നു. എസ് എന്‍ സ്വാമി അവസാനം തിരക്കഥ എഴുതിയ ബല്‍റാം വേഴ്സസ് ബല്‍റാം, ഷാജി കൈലാസ്‌ മമ്മൂട്ടിയെ വച്ച് എടുത്ത അവസാനത്തെ സിനിമ ആയ ദ്രോണ എന്നിവയെ ആളുകള്‍ പുറം കാലു കൊണ്ട് തട്ടി എറിഞ്ഞതാണ്. ആ തിരക്കഥാ കൃത്തും സംവിധായകനും ഇവിടെ ഒന്നിച്ചപ്പോള്‍ ആ രണ്ടു സിനിമയേക്കാളും നല്ലത് ആയിരിക്കും എന്ന് മമ്മൂട്ടി എങ്കിലും പ്രതീക്ഷിച്ചു കാണും. അതിനേക്കാളൊക്കെ മുന്നിലായെന്കിലും ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വെറുതെ ഒരു കൂതറ പടം ആയിപ്പോയി എന്ന് പറയേണ്ടി വരുന്നു ഈ ആഗസ്റ്റ്‌ പതിനഞ്ചു.
ദ ഡേ ഓഫ് ജക്കാള്‍ എന്ന വിദേശ സിനിമയുടെ മലയാളം പതിപ്പ് ആയിരുന്നു പഴയ ആഗസ്റ്റ്‌ ഒന്ന്. അതിന്റെ തന്നെ പുതുക്കിയ പതിപ്പ് ആയി കാണാം പുതിയ ആഗസ്റ്റ്‌ പതിനന്ചിനെ. എന്നാല്‍ പുതിയ സിനിമയുടെ അവസാന രംഗങ്ങള്‍ ആകട്ടെ കഴിഞ്ഞ വര്‍ഷത്തെ ഒരു വിദേശ സിനിമയുടെ അനുകരണം ആയിപ്പോയി. ഇന്‍ഗ്ലോറിയസ് ബാസ്റ്റഡ സ് എന്ന ചിത്രത്തില്‍ നിന്നും ആണ് അതൊക്കെ എടുത്തത്‌....
ഒരു കാലത്ത് കുറ്റാന്യോഷണ സിനിമകളുടെ തല തോട്ടപ്പന്‍ ആയിരുന്ന എസ്.എന്‍.സ്വാമിയുടെ ദയനീയ പരാജയം ആണ് ഈ സിനിമയിലെ തിരക്കഥ എന്നത് പതുക്കെ പറഞ്ഞാല്‍ പോര.

ആഗസ്റ്റ്‌ ഒന്ന് എന്ന പഴയ സിനിമയുടെ പ്രധാന ആകര്‍ഷണം അതിലെ മുഖ്യമന്ത്രി തന്നെ ആയിരുന്നു. സുകുമാരന്‍ അഭിനയിച്ച ആ മുഖ്യമന്ത്രി വേഷം മലയാളികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട് എന്നത് ഓര്‍ക്കാതെ ആണ് പുതിയ ആഗസ്റ്റ്‌ ഒന്നില്‍ അച്യുതാനന്ദനെ മോഡല്‍ ആക്കി നെടുമുടി വേണുവിന് മുഖ്യമന്ത്രി റോള്‍ കൊടുത്തത്. 
പക്ഷെ അതൊരു വന്‍ പരാജയം ആയിപ്പോയി. ഒന്നുകില്‍ അച്യുതാനന്ദനെ തന്നെ അനുകരിക്കാന്‍ പറയാം ആയിരുന്നു. അല്ലെങ്കില്‍ നെടുമുടിയുടെ ഇഷ്ടപ്രകാരം വിട്ടുകൊടുക്കാംആയിരുന്നു. ഇത് ഇപ്പോള്‍ രണ്ടിനും ഇടയില്‍ കിടന്നു എവിടെയും എത്താത്ത ഒരു കഥാ പാത്രം ആയിപ്പോയി എന്ന് പറയാം.
പിന്നെ സായി കുമാര്‍ അഭിനയിച്ച പാര്‍ട്ടി സെക്രട്ടറി വേഷം...
മേക്കപ്പ് കൊണ്ട് പിണറായിയെ അനുകരിക്കുന്നു. ആദ്യത്തെ കുറെ കുറെ കഥാപാത്രങ്ങളുടെ സംഭാഷണം കൊണ്ട് അത് പിണറായി വിജയനെ അനുകരിപ്പിക്കുന്നത് ആണ് എന്ന് മനസ്സിലാക്കാം. പക്ഷെ അവിടെയും സംവിധായകന് പരാജയം അല്ലെ സംഭവിച്ചത്. 
ഈ രണ്ടു കഥാപാത്രങ്ങളുടെയും മേക്കപ്പ് കണ്ടാല്‍ ഏഷ്യാനെറ്റിലെ വോഡഫോണ്‍ കോമഡി ഷോയില്‍ അഭിനയിക്കുന്നവരെ ഓര്‍മ്മിപ്പിക്കും.
കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.
ഇത് ഒരു പെയ്ഡ്‌ സിനിമ ആണ് എന്ന ആരോപണം പല മാധ്യമങ്ങളിലും കണ്ടിരുന്നു. ആ വിലയിരുത്തലില്‍ ആണ് കണ്ടതും.
പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല. 
കാരണം ഇത് ഒരു കമ്മ്യൂണിസ്റ്റ്‌ സഹായ സിനിമ ആയിരുന്നെങ്കില്‍ അതിന്റെ അവസാനം ഇങ്ങനെ ആക്കില്ലായിരുന്നു. മുഖ്യ മന്ത്രിയെ ഇതില്‍ വലിയവന്‍ ആക്കി കാണിക്കുന്നില്ല.എന്നാല്‍ സായി കുമാറിന്റെ പാര്‍ട്ടി സെക്രട്ടറിയെ അതായത് പിണറായിയെ നല്ലവന്‍ ആയി ചിത്രീകരിക്കുന്നുണ്ട്. പക്ഷെ അവസാനം വില്ലന്‍ ആയി കാണിക്കുന്നത് ഒരു വലിയ സഖാവിനെയും കുറെ സഖാക്കളെയും തന്നെയാണ്. അങ്ങനെ ഒരു അവസാനം വന്നത് കൊണ്ട് തന്നെ ആയിരിക്കണം കമ്മ്യൂണിസ്റ്റുകാര്‍ പോലും തിയേറ്ററില്‍ ഈ സിനിമയെ തഴഞ്ഞത്....
അവസാനം വരെ സാധുവായ ഒരു സഖാവിനെ വില്ലന്‍ ആക്കിയത് ഒരു കല്ല്‌ കടിയായി തന്നെ അവശേഷിക്കുന്നു.
അടുത്ത കാലത്തായി ഷാജി കൈലാസിന്‍റെ സിനിമകളില്‍ കണ്ടിരുന്ന ഓവര്‍ ആയുള്ള ക്യാമറയുടെ ചലനങ്ങളും മിക്സിങ്ങും ഒക്കെ ഇതില്‍ ഒഴിവാക്കിയത് ആശ്വാസം 
ഒരു കാര്യം ചോദിച്ചാല്‍ ഷാജി കൈലാസും എസ് എന്‍ സ്വാമിയും എന്നെ അടിക്കുമോ എന്തോ?
പാതിരാത്രിക്ക് ഉറക്കം എഴുന്നേറ്റ്‌ വിക്കിപീടിയ നോക്കുന്നത് ആണ് കുറ്റാന്യോഷണം എന്ന് നിങ്ങളോട് ആര് പറഞ്ഞു തന്നു?
വീട്ടിനകത്തും കൂളിംഗ് ഗ്ലാസ്‌ വച്ച് നടക്കാന്‍ മമ്മൂട്ടിക്ക് പറഞ്ഞു കൊടുത്തത് ഒക്കെ ഇത്തിരി കടുത്തു പോയി എന്ന് പറയാതെ വയ്യ.
ആഗസ്റ്റ്‌ ഒന്നിലെ പെരുമാളിലെ വേഷം മമ്മൂട്ടിക്ക് ഇണങ്ങിയ വേഷം ആയിരുന്നു എങ്കില്‍ ആഗസ്റ്റ്‌ പതിനന്ചിലെ വേഷം ഒട്ടും ചേരുന്നില്ല എന്ന് തന്നെ പറയാം. 
വെറുതെ ബുള്ളറ്റില്‍ കറങ്ങലും ഒക്കെ  ആയി മമ്മൂട്ടിയെക്കൊണ്ട് എന്തൊക്കെയോ ചെയ്യിപ്പിക്കുന്നു.പ്രായം കുറഞ്ഞു തന്നെ തോന്നിപ്പിക്കുന്നു എങ്കിലും മമ്മൂട്ടിയെ കൊണ്ട് സംവിധായകന്‍ കാര്യമായി ഒന്നും ചെയ്യിപ്പിച്ചില്ല ഈ പടത്തില്‍. 
വില്ലനായി സിദ്ധീഖ് തിളങ്ങി തന്നെ നില്‍ക്കുന്നു. പാര്‍ട്ടി സെക്രട്ടറിയായി വരുന്ന സായികുമാറിന് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്ത ഒരു വേഷം ആയിപ്പോയി. പിണറായി ആകാനുള്ള ശ്രമം പല സ്ഥലത്തും പാളിപ്പോകുന്നുണ്ട്. 
മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ ആയി ജഗതി കുഴപ്പമില്ല എന്ന് പറയാം.കൂട്ടത്തില്‍ കയ്യടിക്കുള്ള അഭിനയം ലാല് അലക്സിന്റെ കോമാളി പോലീസുകാരന്‍ തന്നെ.തലൈ വാസല്‍ ഷെല്‍വിയുടെ പോലീസ്‌ ഓഫീസര്‍ തരക്കേടില്ല എന്ന് പറയണം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ വേഷം അഭിനന്ദനം അര്‍ഹിക്കുന്നു. എങ്കിലും ഇതേ പോലെ ഒരു വേഷം  ആയിരുന്നു അദ്ധേഹത്തിനു സകുടുംബം ശ്യാമളയിലും കിട്ടിയത് എന്നുള്ളത് ഓര്‍മ്മ വരുന്നു. വേഷവും അഭിനയവും ആണ് ഞാന്‍ ഉദ്ദേശിച്ചത്.ഹരിശ്രീ അശോകന്‍ ബിജു പപ്പന്‍ കൃഷ്ണ തുടങ്ങിയവര്‍ അവരുടെ വേഷങ്ങള്‍ ഭംഗിയാക്കി എന്ന് പറയാം. നായികമാര്‍ എന്ന പേരില്‍ ശ്വേതമേനോന്‍ മേഖ്ന എന്നിവരെ വെറുതെ നോക്ക് കുത്തി ആക്കി എന്ന് പറയാം.
ക്യാമറ ചലിപ്പിച്ച പ്രദീപ്‌ നായര്‍ ഒരു പരാജയം ആയിരുന്നു. അദ്ധേഹത്തിന്റെ ആദ്യ ചിത്രം കോക്ടയില്‍ ആണെന്ന് ഓര്‍മ്മ വരുമ്പോള്‍ ആണ് അത്ഭുതപ്പെടുന്നത്. അതില്‍ സുപ്പര്‍ എന്ന് പറയാവുന്ന വര്‍ക്ക്‌ ആയിരുന്നു.
കലാ സംവിധാനം നടത്തിയ ബോബന്‍ ഒട്ടും അഭിനന്ദനം അര്‍ഹിക്കുന്നില്ല. 
ആരോ പറയുന്നത് കേട്ടു... സൈബര്‍ സെല്‍ എന്ന് കാണിക്കാന്‍ വേണ്ടി ചുറ്റിനും റിബണ്‍ കെട്ടുന്നതിന് പകരം ഒരു ബോര്‍ഡ്‌ വച്ചാല്‍ പോരായിരുന്നോ എന്ന്.
ഭൂമിനാഥന്‍ എഡിറ്റിംഗ് ജോലി ഭംഗിയാക്കാന്‍ ശ്രമിച്ചില്ല. പല രംഗങ്ങളും രിപീറ്റ്‌ ചെയ്തു വൃത്തികേട് ആക്കി എന്ന് പറയണം.
പഴയ ആഗസ്റ്റ്‌ ഒന്നില്‍ പ്രയോഗിച്ച പശ്ചാത്തല സംഗീതം ഇതിലും ചില സ്ഥലത്ത് ഉപയോഗിച്ച് എന്ന് വരുത്തി. പക്ഷെ അതിനെ വേണ്ട രീതിയില്‍ കൊടുത്തിരുന്നെങ്കില്‍ ഒരു ആക്ഷന്‍ മൂട് ഒക്കെ വരുമായിരുന്നു. ഇരുപതാം നൂറ്റാണ്ട് ന്യൂടെല്‍ഹി തുടങ്ങി കുറെ ഹിറ്റ്‌ സിനിമകളിലെ ഹൈ ലൈറ്റ് ആയിരുന്നു ഒരേ രീതിയിലുള്ള ചെറിയ മാറ്റം മാത്രമുള്ള ആ സംഗീതം.
രാജാമണി അനവസരങ്ങളില്‍ പല സ്ഥലത്തും വലിയ ഒച്ചയില്‍ പല സംഗീതവും കൊടുത്തിട്ടുണ്ട്‌.
അവസാന രംഗം തീയേറ്റര്‍ കത്തുന്നതായി കാണിക്കുന്നു എന്നത് മനസ്സിലാകണം എങ്കില്‍ സിനിമ വീണ്ടും കാണേണ്ടി വരും എന്ന് സാധാരണ പ്രേക്ഷകര്‍.
പളനി രാജിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒക്കെ നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോയി എന്ന് തന്നെ പറയണം.
വളരെ ശ്രദ്ധിച്ചു സിനിമകള്‍ സെലക്റ്റ്‌ ചെയ്യുന്ന മമ്മുട്ടിയെ മാത്രം ആണ് ഈ സിനിമയുടെ പോരായ്മകള്‍ക്ക് കുറ്റം പറയേണ്ടത്.
അല്ലെങ്കില്‍ ഇനിയും ബുള്ളറ്റില്‍ റോന്തു ചുറ്റുന്നതും പാതിരാത്രിയില്‍ വിക്കിപീഡിയ നോക്കുന്നത് കൂളിംഗ് ഗ്ലാസ്‌ വക്കുന്നതും ആയ പടങ്ങള്‍ തന്നെ വീണ്ടും കിട്ടിക്കൊണ്ടിരിക്കും. അത്രമാത്രം.



2 comments:

shersha kamal said...

മമ്മൂട്ടി വെറുതെ ആണ് ഈ പടത്തില്‍ അഭിനയിച്ചത്. ഇത് പോലൊരു സിനിമ എടുക്കാന്
ഇവര്‍ക്ക്‌ എങ്ങനെ തോന്നി. എസ്.എന്‍.സ്വാമിയുടെ സി.ബി.ഐ.ഡയറിക്കുറിപ്പ് ഒക്ക മനസ്സില്‍ കണ്ടാല്‍ കഷ്ടം എന്നേ പറയേണ്ടു.

ചാര്‍ളി (ഓ..ചുമ്മാ ) said...

“ഒരത്യാവശ്യ കാര്യമുണ്ട്..രാത്രി രണ്ടൂ മണിക്കെന്നെ ഉണര്‍ത്തണം. നീയിന്നുറങ്ങേണ്ട.”

എന്തിനാന്നോ..വിക്കിയെടൂത്ത് പോയിസണ്‍(poison) എന്താണെന്നു നോക്കാന്‍.
ഹാ..ഹാ